സ്മാർട്ടാ വിചാരം
I
എൻ്റെ വേളി നിശ്ചയിച്ചിരിക്കുന്നു. അങ്ങ് ദൂരെയുള്ള വലിയൊരു മനയിലെ നമ്പൂരിശ്ശനാണു വരൻ. എല്ലാർക്കും എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കണം എന്നേയുള്ളൂ. ഇവിടുന്നു പോവാൻ എനിക്കും സന്തോഷമേ ഉള്ളൂ. അവിടെ എനിക്കൊരു കുറവും ഇല്ലാതെ റാണി ആയി വാഴാം എന്നൊക്കെ കുശുകുഷുപ്പ് ഉണ്ട് ചുറ്റുള്ളോർക്ക്, അങ്ങനെ ഒന്നും പറ്റിയില്ലേലും കുത്തുവാക്കു കേൾക്കാതെ കഴിഞ്ഞു കൂടാൻ പറ്റിയാൽ മതി.
ആരൊക്കെയോ പറയണേ കേട്ടു നല്ല സ്നേഹള്ള തിരുമേനി ആണെന്ന്, അതെൻ്റെ ഭാഗ്യം ആണെന്നും പറയുന്നു. എന്നാൽ ഇന്നുംകൂടി ഇവിടെ മനയിൽ ഉള്ളൊരു പറഞ്ഞത് ആശ്രീകരം ഇവിടുന്നു ഒഴിവായി കിട്ടിയാൽ മതി എന്നാണ്. ഏട്ടൻ ഇവിടുന്നു പോയില്ലാരുന്നെങ്കിൽ എനിക്ക് കൂട്ടായി ഇവിടെ ഏട്ടനെങ്കിലും ഉണ്ടായേനെ. എന്തായാലും വേണ്ടില്ല എല്ലാം നല്ലതിനാവട്ടെ. മറുപടി അയക്കണം. ഏട്ടന് സുഖം എന്ന് വിശ്വസിക്കുന്നു.
സ്വന്തം സാവിത്രി,
ഒപ്പ്.'
II
'പ്രിയപ്പെട്ട ഏട്ടന്,
മറുപടി അയച്ചതിന് ഒരുപാട് നന്ദിയുണ്ട്. ഏട്ടന് സുഖം ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. എന്തിനാണ് മറുപടി കത്തില് രൂപ വെച്ചത്. ഇത് വെച്ച് ഞാൻ എന്തു ചെയ്യാനാണ് എനിക്ക് വേണ്ടതെല്ലാം ഇവിടെയുണ്ടല്ലോ. എന്തായാലും ഏട്ടൻ തന്നത് ഞാൻ മടക്കി അയക്കില്ല സൂക്ഷിച്ചു വെച്ചോളാം.
ഇവിടെ എനിക്ക് സുഖമാണ്. ഒരുപാട് ആളുകളുള്ള വലിയ ഇല്ലമാണ് ഇത്. ഒരുപാട് നെലോം, നെല്ലും, പണിക്കാരും എല്ലാം ഉണ്ടിവിടെ. എന്തു കാര്യത്തിനും വിളിപ്പുറത്തുണ്ട് എല്ലാരും. ഇടക്കിടക്ക് അടുത്ത് നിന്ന് കുശുകുഷുക്കുന്നെ കേക്കാം, എന്താന്നു ഞാനോട്ട് ആരായാനും പോയിട്ടില്ല, എന്തു തന്നെ ആയാലും വേറെ കുത്തുവാക്കുകൾ ഒന്നുമില്ലല്ലോ. കൂട്ടംകൂടി നിന്ന് ഇവള് കുലം മുടിക്കും എന്നൊന്നും ആരും പറയണേ കേക്കുന്നും ഇല്ല.
നമ്പൂരിശ്ശന് നല്ല സ്നേഹാണ് ഇന്നോട്, ൻ്റെ കാര്യങ്ങളൊക്കെ ഏത് നേരം ഇവിടുള്ളോരോട് തിരക്കും, കൂടെ കൂടെ സുഖല്ലേന്നൊക്കെ ചോദിക്കും. നന്നായി ഭക്ഷണം കഴിക്കണമെന്ന് പറയും.
പിന്നൊരു കാര്യം അറിയോ, ഇവിടെ വേറെം ഏട്ടത്തിമാരുണ്ട് നമ്പൂരിശ്ശന്, ഞാൻ മാത്രല്ല. അതോണ്ടെന്നെ എനിക്ക് ചുറ്റും എപ്പോഴും ആളുകളുണ്ട്. ഇവിടെ എനിക്കൊരു കുറവുമില്ല. ഏട്ടൻ സുഖമായി ഇരിക്കണം, കൂടെ കൂടെ എനിക്ക് എഴുതണം.
സ്വന്തം സാവിത്രി,
ഒപ്പ്.'
III
'ഏട്ടന്,
എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു ഏട്ടനോട്, അതാണ് ഞാൻ ഉടനെ തന്നെ ഈ കത്ത് അയക്കുന്നത് . വിചാരിച്ച പോലെയല്ല എന്തൊക്കെയോ പ്രശ്നങ്ങൾ നടക്കുന്നുണ്ട് ഇവിടെ. നമ്പൂരിശ്ശൻ്റെ രീതികൾ ഒന്നും ശരിയല്ല. ഇവിടുള്ളോരൊക്കെ നമ്പൂരിശ്ശൻ പറയുന്നതിന് അനുസരിച്ചേ എന്തും ചെയ്യുള്ളൂ. നമ്പൂരിശ്ശൻ ഇന്നോട് നല്ല പോലെയല്ല പെരുമാറുന്നതൊന്നും. ഇൻ്റെ ചുറ്റും നിന്ന് കുശുകുഷുകുന്നോരോന്നും നല്ലതല്ല ഇന്നെ പറ്റി പറയുന്നതും. ഞാൻ നമ്പൂരിശ്ശനേ തേനിച്ചു ൻ്റെ വശത്താക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു ഏട്ടത്തി മാറും അവരുടെ വെള്ളാട്ടിമാറും ന്നെ കുറ്റപ്പെടുത്തുകയാണ്. അത് മാത്രല്ല ഇവിടെ ള്ള വെള്ളാട്ടി യോളെല്ലം നമ്പൂരിശ്ശൻ്റെ സേവക്കാരാണ്. ഇവരെല്ലാം കുശുകുഷുക്കുന്നെ ൻ്റെ കുറ്റം ആണ്.
ഇവിടെ പുറംപണിക്ക് നിക്കണ ആണുങ്ങളും ഇടക്കിടക്ക് ചില വേണ്ടാത്ത ആംഗ്യങ്ങൾ ഒക്കെ കാണിക്കും, ന്നെ നോക്കി. ഏട്ടത്തി മാര് ആണേലും വെള്ളാട്ടികൾ ആണേലും ഇത് കണ്ടാൽ ന്നെ നോക്കി ഊറി കൈകൊട്ടി ചിരിക്കും എന്നല്ലാണ്ട് ആരേം ശകാരിക്കും ഒന്നും ചെയ്യില്ല.
ഇവിടുന്നു ഒരുപാട് ദൂരം ഉണ്ടാവുമോ ഏട്ടൻ താമസിക്കുന്ന സ്ഥലത്തേക്ക്. എങ്ങനെയാണ് അങ്ങോട്ട് എത്താൻ പറ്റുക. ഏട്ടൻ എനികയച്ചു തന്ന രൂപ മതിയാവുമോ ഏട്ടൻ്റെ അടുത്ത് എത്താൻ. മുടങ്ങാതെ മറുപടി അയക്കണം. ഇവിടെ ആരോടും ഇതൊന്നും പറയാതെ ഇരിക്കുമ്പോ വല്ലാത്ത വീർപ്പു മുട്ടലാണ് ഇനിക്ക്. ഇല്ലത്തു അറിയിക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്താലും മതി. ന്നെ ഒന്ന് ഇടക്ക് കാണാൻ
ആരോടെങ്കിലും ഇങ്ങോട്ടൊന്നു വരാൻ പറഞ്ഞാല് മതി. അങ്ങോട്ട് എഴുത്തയച്ചിട്ട് ഇതുവരെയും ഒരു മറുപടിയും കിട്ടിയിട്ടില്ല.
ഏട്ടൻ സുഖമായി ഇരിക്കൂ. മറുപടി എന്തായാലും അയക്കണം.
സ്വന്തം സാവിത്രി,
ഒപ്പ്.'
IV
പ്രതീക്ഷിച്ചിരുന്ന മറുപടി വൈകിയാണ് വന്നതെങ്കിലും അതിൽ അസ്വസ്ഥ ആവാതെ ഏട്ടൻ്റെ കത്ത് പൊട്ടിച്ചു വായിച്ച സാവിത്രിക്ക് നിരാശ ആയിരുന്നു ഫലം. തൻ്റെ കയ്യിലുള്ള രൂപയ്ക്ക് ഏട്ടൻ്റെ അടുത്ത് വരെയും എത്തിക്കാൻ പറ്റില്ല എന്നറിഞ്ഞപ്പോൾ അത് എടുത്തു വലിച്ചെറിയാനാണ് അവൾക്ക് തോന്നിയത്. പക്ഷെ തനിക്ക് ഒറ്റക്ക് യാത്ര ചെയ്യാൻ പറ്റില്ല അതിപ്പോ ഇല്ലത്തേക്ക് ആണെങ്കിൽ പോലും നടക്കില്ല എന്നും അവൾക്ക് അറിയായിരുന്നു. ഇനിയെന്ത് എന്ന് ചിന്തിച്ച് നിൽക്കുമ്പോൾ ഏട്ടൻ്റെ വാക്കുകള് അവൾ പിന്നെയും ഉരുവിട്ടു കൊണ്ടിരുന്നു.
' എല്ലാം നേരെയാവും കുട്ടി. ജീവിതം ഇങ്ങനെ ഒക്കെയാണ്, പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോവണം. ഇല്ലത്തേക്ക് ഞാനും എഴുതിയിട്ടുണ്ട്, അവിടുന്നു ആരും വിവരങ്ങൾ തിരക്കാൻ വരാതിരിക്കില്ല. ഞാനെന്നെങ്കിലും ഇനി ആ നാട്ടിലേക്ക് വരുന്നുണ്ടെങ്കിൽ അത് നിന്നെ കൂടെ കൂട്ടാൻ ആയിരിക്കും. നന്നായി പ്രാർത്ഥികൂ.'
സാധാരണ എന്നും അപ്പതന്നെ മറുപടി എഴുതാൻ ഇരിക്കുന്ന അവൾ അന്നു മാത്രം ആ കത്ത് മടക്കി ഇരിക്കുന്നിടത്തുന്നു എണീറ്റ് ഇയ്യത്തു പോയി നിന്ന് ഇരുട്ടിലേക്ക് നോക്കി വായ പൊത്തി പിടിച്ചു വിക്കി വിക്കി കരഞ്ഞു. അവിടെ തളം കെട്ടി കിടന്ന ശൂന്യത അവളുടെ നിലത്തേക്ക് പൊഴിഞ്ഞ കണ്ണുനീർത്തുള്ളികൾ ഒരിറ്റ് വിടാതെ ആഗിരണം ചെയ്തെടുത്തു അവളെയടക്കം. അതിനൊടുക്കം അവിടെ അവശേഷിച്ചത് നിശബ്ദത മാത്രം ആയിരുന്നു.
V
പിറ്റേന്ന് രാവിലെ എന്നത്തേയും പോലെ നേരത്തെ എണീറ്റ് പ്രഭാത കർമങ്ങൾ ഒക്കെ കഴിഞ്ഞു പ്രാതൽ കഴിച്ചു ഇറങ്ങിയ അവൾ കാണുന്നത് തേങ്ങ വലിക്കുന്ന കണാരൻ തേങ്ങ കൂട്ടി ഇട്ടിടത്ത് നിന്ന് ഒരു വെള്ളാട്ടിയോട് പള്ളു പറഞ്ഞു ശൃംഗരിക്കുന്നതാണ്. തന്നെ കണ്ട മാത്രയിൽ എന്തോ ഒരു ഗോഷ്ടി തനിക്ക് നേരെയും മുഖം കൊണ്ട് എറിഞ്ഞു അയാൾ. ഇതുകണ്ട വെള്ളാട്ടിയുടെ ഇളിമ്പ്യചിരി ഉച്ചത്തിലായി.
കണാരൻ.
വെള്ളാട്ടികൾ അടക്കം പറയുന്നത് കേട്ടിട്ടുണ്ട് കണാരൻ്റെ കുത്സിതങ്ങളെ പറ്റി. ഇല്ലത്ത് കാര്യസ്ഥൻ ഇല്ലാതിരിക്കുമ്പോ, കാര്യസ്ഥന് പകരക്കാരൻ ആണത്രേ കണാരൻ, ഇല്ലത്ത് മാത്രല്ല കാര്യസ്ഥൻ്റെ മാളികയിലും. അതുകൊണ്ടുതന്നെ ഇല്ലത്ത് ആരും ഇല്ലാത്ത നേരത്ത് വെള്ളാട്ടികളോട് അയാൾ ലോഗ്യം കൂടുന്നത് കാണാം പറമ്പിൽ അവിടെയും ഇവിടെയും ഒക്കെ നിന്ന്.
അയാളുടെ ആംഗ്യം കാര്യക്കാതെ അറയിലേക്ക് തന്നെ നടന്നു. ഏട്ടൻ്റെ കത്തിനു മറുപടി അയക്കാൻ ഇരുന്നു. എഴുത്തിന് ഇടയിൽ പെട്ടന്ന് ആ ദൃശ്യം അവൾക്ക് ഓർമ വന്നു.
മൂവന്തി നേരത്ത് തളത്തിൽ നിന്ന് അടക്കം പറച്ചിൽ കേട്ട് പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോ കണ്ട കണാരൻ പിന്നെ ഇരുട്ടിലേക്ക് മാറി നിന്ന് കണാരൻ്റെ ഫലിതം കേട്ടു അടക്കി ചിരിക്കുന്ന മൂത്ത ഏടത്തിയും.
എഴുത്ത് എഴുതി കഴിഞ്ഞു അന്നു അവിടുന്നു എണീറ്റ അവൾ കണാരൻ നെ മാറിനിന്നു വീക്ഷിക്കുന്നത് ശീലമാക്കി.
VI
താൻ വിചാരിച്ച പോലെ കണാരൻ ഏടത്തിയോട് ലോഗ്യം കൂടുന്നുണ്ട് എന്ന് മനസ്സിലാക്കിയ ദിവസം തന്നെ അവൾ അവർക്ക് മുന്നിൽ അന്നേരം അവതരിച്ചു. പേടിച്ചുപോയ ഏടത്തി ആണെങ്കിലും അന്ന് വൈകിട്ട് നമ്പൂരിശ്ശൻ തിരിച്ചെത്തും എന്ന് അറിയുന്ന കണാരൻ ആണെങ്കിലും നമ്പൂരിശ്ശനെ ഇതെല്ലാം അറിയിക്കും എന്ന് പറഞ്ഞപ്പോൾ, പ്രണഭയം കൊണ്ട് ആരോടും പറയാതെ ഇരിക്കുക ആണെങ്കിൽ അവൾ പറയുന്നത് എന്തും ചെയ്തുകൊടുക്കും എന്നായി.
എന്തു ചോദിക്കണം എന്ന് കുറെ നേരം ആലോചിച്ചപ്പോ അവൾക്കൊരു ആശയം തോന്നി. അകത്തളത്തിലേക്ക് ഉള്ള ആവശ്യത്തിന് കൂട്ടിയിടുന്ന വിളവ് ആവശ്യം കഴിഞ്ഞു ബാക്കി വരുന്നത് വെള്ളാട്ടികൾ എടുത്തു കൊണ്ട് പോവുന്നതിനു പകരം കണാരൻ നെ കൊണ്ട് ചന്തയിൽ കൊണ്ടുപോയി വില്പന നടത്തി ലാഭം പറ്റാം എന്ന്. അങ്ങനെ കിട്ടുന്ന രൂപ കൊണ്ട് എങ്ങനെയെങ്കിലും ഏട്ടൻ്റെ അടുത്തേക്ക് എത്താൻ പറ്റിയാൽ പിന്നെ തനിക്ക് രക്ഷയാവും എന്നൊരു വിശ്വാസം അവൾക്ക് ഉടലെടുത്തു.
എതിര് പറയാൻ ഏടത്തിക്ക് നാവ് പൊങ്ങിയില്ല.
VII
ആ ക്രയ വിക്രയം കൊല്ലങ്ങളോളം അവിടെ തുടർന്ന് കൊണ്ടേ ഇരുന്നു
കാര്യസ്ഥൻ പരമു നായർ കണാരൻ നേ അയാളുടെ മാളികയിൽ നിന്ന് പിടിക്കുന്നത് വരെയും. കണാരൻ അവൾക്ക് എത്തിക്കുന്ന രൂപ അവൾ സൂക്ഷിച്ചു വെക്കുന്നുണ്ടായിരുന്നു ഒരു കേടും കൂടാതെ. ഇതെല്ലാം മുറക്ക് ഏട്ടനെയും എഴുതി അറിയിക്കുന്നുണ്ടായിരുന്നു. ഏട്ടൻ ഇടക്ക് കളിക്ക് എഴുതും 'മണി പണ്ടാരി' സൂക്ഷിക്കണം എന്നൊക്കെ.
ഏട്ടൻ്റെ പ്രോത്സാഹനം കൂടി ആയപ്പോൾ ഇതാണ് ശെരി എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു തുടങ്ങി.
എല്ലാം നന്നായി പോയി കൊണ്ടിരിക്കുമ്പോൾ സംഭവിച്ച ആ ദുരന്തം കണാരൻ ന് വിനയായി. തല്ലി ചതച്ചു ജീവൻ മാത്രം ബാക്കി വെച്ച് ഏതോ നാട്ടിൽ കൊണ്ട് തള്ളിയെന്നോ അതല്ല കൊന്ന് കത്തിച്ചു കളഞ്ഞു എന്നോ എന്തൊക്കെയോ കേട്ടു വെള്ളാട്ടികൾ പറഞ്ഞിട്ട്.
മുടക്കം വന്ന വില്പന നടത്തിയെടുക്കാൻ വഴിയില്ലാതെ ഇരിക്കുമ്പോഴാണ് കണാരൻ പറഞ്ഞു ഈ കാര്യത്തെ കുറിച്ച് അറിവുള്ള ഒരു വെള്ളാട്ടി പറഞ്ഞത് അവൾക്കും ഒരു വിഹിതവും കുറച്ച് വിളവും കൊടുക്കാമെങ്കിൽ വില്പന നടത്തി കൊടുക്കാം എന്ന് . കൂടുതൽ ഒന്നും ആലോചിക്കാതെ അത് സമ്മതിച്ചു, അവൾക്കും ആവശ്യം ഉള്ളത് കൊണ്ട് അവൾ ആരോടും പറയില്ല എന്ന് ഉറപ്പാണ്.
ഇല്ലത്ത് വേറെ ശല്യങ്ങൾ ഒന്നുമില്ല ഇടക്കിടക്കുള്ള നമ്പൂരിശ്ശൻ്റെ ഉപദ്രവം ഒഴിച്ച് നിർത്തിയാൽ. അതുമാത്രവും അല്ല ആരും കാണാതെ ആണെങ്കിലും കയ്യിൽ വളർത്തി കൊണ്ട് വരുന്ന ഒരു ചെറിയ സമ്പാദ്യവും ഉണ്ടല്ലോ.
VIII
പ്രായം എഴുപതിനോട് അടുത്തെങ്കിലും നര ബാധിച്ചു വയോ വൃദ്ധൻ ആയെങ്കിലും ജരാജന്യമായ വ്യാധികൾ ശരീരത്തെ കീഴ്‌പ്പെടുത്തുന്നുണ്ടെങ്കിലും ഒരു മുടക്കവും വരാതെ ഒരു സ്ത്രീജിതൻ ആയി വാഴുന്ന ആളാണ് നമ്പൂരിശ്ശൻ. അകത്തളത്തിൽ വേണ്ടുവോളം അന്തർജനങ്ങൾ, നാട് നീളെ സംബന്ധങ്ങൾ, അതും പോരാഞ്ഞിട്ട് നാടൊട്ടുക്ക് പരസ്ത്രീഗമനവും.
വ്യാധികൾ ശരീരത്തെ ഏറ്റെടുത്തു തുടങ്ങിയതിന് ശേഷം അത്രകണ്ട് സവാരി നടക്കാത്തത് കൊണ്ട് മറ്റു സ്ത്രീകളെ ഇല്ലത്തേക്ക് കൊണ്ടുവരാനും തുടങ്ങിയിരിക്കുന്നു. ഒറ്റ ഏടത്തി പോലും ഇതിനെതിരെ ഒരു വാക് എതിർത്തു കണ്ടില്ല. അവസാനം വെറും പതിനൊന്ന് വയസ്സ് മാത്രം പ്രായം ഉള്ള ഒരു പെൺകുട്ടിയെ കൊണ്ടുവന്നു ഇല്ലത്ത് പാർപ്പിക്കാൻ ഒരുങ്ങിയപ്പോ ആ കുട്ടിയുടെ അലറിയുള്ള കരച്ചിൽ കണ്ട് സഹിക്കാതെ എതിർത്തതിന് ചൂരൽ ഉതിർത്തും മുഷ്ടി ചുരുട്ടിയും വേണ്ടുവോളം പ്രഹരിച്ചു. ജീവിതത്തിൽ ഇന്നേവരെ ആരും എതിർത്തിട്ടില്ലാത്ത അയാളെ എതിർത്തതിന് ഇനി കണ്മുന്നിൽ പെടാതെ ഇല്ലത്തിൻ്റെ ഏതെങ്കിലും ഒരു മൂലയിൽ പിഴച്ചു പൊയ്ക്കോളാൻ ഉത്തരവായി.
IX
ഇന്ന് അവൾക്ക് പതിനെട്ടു വയസ്സ് തികയുന്ന ദിവസം. ഇവിടെ എത്തിയിട്ട് ഏഴ് വർഷം കഴിഞ്ഞിരിക്കുന്നു. പ്രഹരം കാരണം നീര് വെച്ച തടിച്ച ശരീരവും മുഖവും. എഴുന്നേൽക്കാൻ ശ്രമിച്ചു അത് അത്രകണ്ട് എളുപ്പമല്ല എന്ന് മനസ്സിലായി എന്നാലും വേച്ചു വേച്ചു മുന്നോട്ട് നടന്നു. കട്ടിള പിടിച്ചു പത്തായത്തിൻ്റെ അടുത്തെത്തി. ആ അറയിൽ അവിടവിടെ ആയി വെണ്ണീർ കിഴികൾ തൂക്കി ഇട്ടിരുന്നു. ഉള്ള ശക്തി ഉപയോഗിച്ച് അതെല്ലാം അഴിച്ചെടുത്തു ഒരു മൂലയിൽ കൂട്ടി. അവിടെ നിഴലിലേക്ക് മാറിയിരുന്നു മെല്ലെ ഓരോ കിഴിയും കെട്ടഴിച്ചു. വെണ്ണീറ് കലർന്ന നാണയ തുട്ടുകളും രൂപയും പൊടി തട്ടി കയ്യിൽ കരുതിയ ഒരു നല്ല ശീലയിലേക്ക് കൂട്ടി. അത് കെട്ടി ഒരു ചെറിയ കിഴിയാക്കി പാടുപെട്ടു എണീറ്റ് ചേല ഒന്നുംകൂടി വലിച്ചു മുറുക്കി എന്നിട്ട് മുറുക്ക് കുത്തുന്നിടത്ത് ചേലയോടൊപ്പം ചേർത്തു കിഴിയും തിരുകി കുത്തി.
വേച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് മൂത്ത ഏടത്തിയുടെ ശകാരം പുറകെ നിന്ന് കേൾക്കുന്നത്, കണാരൻ ൻ്റ തിരോധാനം ഞാൻ കാരണം എന്ന് സ്വയം വിശ്വസിച്ചു ജീവിക്കുന്ന അവർ എന്നെയും അതേ ചുഴിയിലേക്ക് വലിച്ചിടാൻ ഒരു തക്കം പാർത്തിരിക്കുക ആയിരുന്നെന്ന് തോന്നുന്നു.
"ആരുടെയും നിഴലിൽ പോലും പെടാതെ പോവാൻ പറഞ്ഞവക്ക് എന്താണ് ഈ പത്തായപുരയിൽ കാര്യം. പറഞ്ഞാൽ മനസ്സിലാവില്ല എന്നാണെങ്കിൽ നീ ഇവിടെ നിൽക്കണംന്നു ഇല്ല. ഇറങ്ങിപ്പോക്കോളൂ ഇല്ലത്തുന്നു."
"അല്ല അങ്ങനെ പറഞ്ഞാല് ഇപ്പോ എവിടെ പോവാൻ അല്ലേ. വീട്ടുകാർ ഇവിടെ ഒഴിച്ചിട്ട് പോയതല്ലേ. നമ്പൂരിശ്ശൻ പറയുന്നത് അനുസരിച്ച് ആണെങ്കിൽ നിനക്കും ഇവിടെ പിഴക്കാം അല്ല എന്നാണെങ്കിൽ കണാരൻ നേ അവര് കൊണ്ട് പോയിടത്തേക്ക് ഞാൻ മുൻകൈ എടുത്തു നിന്നെ പറഞ്ഞയക്കും, നമ്പൂരിശ്ശൻ പോലും അറിയാതെ."
നേരത്തെ തന്നെ ഇനിയിവിടെ നിൽക്കുന്നില്ല എന്ന് തീരുമാനിച്ചത് കൊണ്ടാണോ അതോ അരയിൽ ഉറപ്പിച്ച ആ ചെറിയ നിക്ഷേപം പകർന്ന ധൈര്യം ആണൊന്ന് അറിയില്ല, വാക്കുകൾ പ്രജ്ഞയിൽ നിന്ന് ഞാൻ പോലും അറിയാതെ ഉതിർന്നു വീണ പോലെ തോന്നി.
"ഇനിയും ഇതെല്ലാം സഹിച്ചു ഇവിടെ നിൽക്കാനല്ല ഇവിടുന്നു ഇറങ്ങി പോവാൻ തന്നെയാണ് എൻ്റെ തീരുമാനം. എനിക്കറിയാം അയാളുടെ ഇങ്ങനെയുള്ള പ്രവർത്തിയൊക്കെ ന്യായീകരിക്കാൻ നിനക്കൊക്കെ നൂറു ന്യായങ്ങൾ ഉണ്ടാവും എന്ന്. പക്ഷേ എനിക്ക് മുന്നോട്ട് വഴിവെട്ടി നടക്കാൻ മണി കെട്ടിയിട്ട് നടക്കേണ്ട ആവശ്യം പോലുമില്ല. സ്വന്തമായി സ്വപ്നങ്ങൾ ഉണ്ടായാൽ മതി, നടന്നു എത്തേണ്ട ദൂരത്തെ പറ്റി കൃത്യത ഉണ്ടായാൽ മതി.
ഈ പറഞ്ഞ നമ്പൂരിശ്ശൻ ഇന്നും നിന്നെം കണാരൻ നേം പറ്റി അറിഞ്ഞിട്ടില്ല. അത് ഞാൻ ഇപ്പോ അറിയിച്ചാലും മതി കണാരൻ പോയ വഴിയെ നിനക്ക് പോവാൻ. അത് മറക്കണ്ട."
ഉള്ള ശക്തി മുഴുവൻ ഉപയോഗിച്ച് ആഞ്ഞു കൊണ്ട് ആണ് അവൾ ആ ഇടനാഴി കടന്നത്. ഉള്ള സാധനങ്ങൾ എല്ലാം വാരി കൂട്ടി ഒരു വലിയ ഭാണ്ഡം കെട്ടി. പെട്ടന്ന് ഇരുന്നു ഒരു എഴുത്ത് എഴുതി ഉണ്ടാക്കി.
'ഏട്ടൻ അറിയാൻ,
ഇന്ന് ഞാൻ ഇവിടുന്നു ഇറങ്ങുകയാണ്. ഇനി തിരിച്ചു ഇങ്ങോട്ട് ഒരു മടക്കം ഉണ്ടാവില്ല അതുകൊണ്ട് തന്നെ ഇതിനൊരു മറുപടി അയക്കാൻ ശ്രമിക്കരുത്. ആദ്യം കരുതിയത് ഏട്ടൻ്റെ അടുത്തേക്ക് വരാം എന്നാണ് എന്നാൽ ഈ ഇല്ലത്തിൻ്റെ അകത്തളം മാത്രം കണ്ട ഞാൻ എങ്ങനെ അത്ര ദൂരം യാത്ര ചെയ്യും. ഇനിയിപ്പോ അവിടെ എത്തിയാലും വീടിൻ്റെ അകത്തളത്തിൽ മാത്രം ജീർണിച്ചു ജീവിച്ചു തീർക്കുന്ന ഈ ഒരു ജാതിയിൽ ഒതുങ്ങി കൂടാൻ മനസ്സ് അനുവദിക്കുന്നില്ല. ഈ വിധിയിൽ നിന്ന് രക്ഷ നേടാനും ഒരു പോംവഴി ഉണ്ടാവും എന്ന് വിശ്വാസം ഉണ്ട്.
എന്നും സ്നേഹവും കടപ്പാടും മാത്രം.
സ്വന്തം സാവിത്രി,
ഒപ്പ്.'
വേച്ചു വെച്ച പാദം പുറത്തളത്തിൻ്റെ വാതിൽ കടന്നിറങ്ങിയപ്പോൾ വെള്ളാട്ടി പറഞ്ഞത് ഓർമ വന്നു തീവണ്ടിയാപ്പീസ് എത്താൻ ഇവിടുന്നു കിഴക്കോട്ട് നടക്കണം...
***************

Comments
Post a Comment